കടന്നു വന്ന പാതകളെ തിരിഞ്ഞു നോക്കുമ്പോൾ
നന്ദിയാൽ എന്നുള്ളം നിറയുന്നു നാഥാ
തിരു ശബ്ദം കേട്ടു അങ്ങേ പിൻഗമിച്ചു ഞാൻ
തിരുപാദ സേവയ്ക്കായ് അർപ്പണം ചെയ്തു
തിരുകൃപാ വരങ്ങളാലെ എന്നെ നിറച്ചു
തിരു ശക്തി ഏകി തിരുസേവ ചെയ്യുവാൻ;- കടന്നു...
ചെങ്കടലും യോർദ്ദാനും മുൻപിൽ നിന്നപ്പോൾ
ചെങ്കൽ പാത ഒരുക്കി വഴി നടത്തി നീ
കൂരിരുൾ താഴ്വരയിൽ നടന്നു വന്നപ്പോൾ
അനർഥമൊന്നും ഏശാതെ കാവൽ ചെയ്തല്ലോ;- കടന്നു...
മനമുടഞ്ഞു കരഞ്ഞനേരം മാറോടണച്ചു
കരംപിടിച്ചു കരംനീട്ടി കണ്ണീർ തുടച്ചു
ദാഹത്താലും വിശപ്പിനാലും വാടി വീണപ്പോൾ
മന്നയേകി ജലമേകി പോഷിപ്പിച്ചല്ലോ;- കടന്നു
ജീവനു വിലപേശി വൈരി വളഞ്ഞപ്പോൾ
അപവാദശരങ്ങളേറ്റു മനം മുറിഞ്ഞപ്പോൾ
അമ്മയെപ്പോൽ അരികിൽവന്നു ആശ്വസിപ്പിച്ചു
മുറുവുകെട്ടി മാനിച്ചു ഉയർത്തിയല്ലോ;- കടന്നു
ഇന്നുകാണും ഉയർച്ചയെല്ലാം നൽകിത്തന്നതാൽ
നന്ദി ചൊല്ലി തൃപ്പാദം നമിച്ചിടുന്നു ഞാൻ
ദർശനത്തിൻ പാതയതിൽ നടന്നു ചെല്ലുവാൻ
കൃപയേകി വരമേകി വഴി നടത്തണേ;- കടന്നു...